ഇത് വൃന്ദാവനം കണ്ണന്റെ ബാല്യകൌമാരങ്ങള്‍ വളരെ നിറച്ചാര്‍ത്തോടെ കാണുകയും അനുഭവിക്കുകയും ആനന്ദഭരിതമാക്കുകയും ചെയ്ത വൃന്ദാവനം. ജീവിതത്തിന്റെ ചാക്രകതയില് കണ്ണന് കൃഷ്ണനാകുകയും ദ്വാരകയിലേക്ക് പറിച്ചു നടുകയും….. പക്ഷെ കൂടുമാറ്റത്തിനിടയില്‍ മറക്കുകയോ ഉപേക്ഷിക്കുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത ഒരു ജീവിതമുണ്ടായിരുന്നു രാധ. സമൂഹത്തിന്റെ വായ്ത്താരികളിലൂടെയോ അടക്കിവച്ച രഹസ്യ തന്ത്രങ്ങളിലൂടെയോ ആയിരുന്നില്ല രാധ കണ്ണനെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തിരുന്നത്. രാധയുടെ അസ്തിത്വം തന്നെ ഒരു പക്ഷെ കണ്ണനായിരുന്നു. കണ്ണന്റെ ഭൌതിക രൂപം മാത്രമെ ദ്വാരകയിലേക്ക് പറിച്ചുനടപ്പെട്ടുള്ളു. കാലത്തിന്റെ പ്രയാണത്തില്‍ വിഘടിപ്പിക്കപ്പെട്ട ജന്മങ്ങളിലേക്ക് രാധയും വീണു.
കഴിഞ്ഞുപോയ ജീവിതത്തില്‍ പാകപ്പെടുത്തിയെടുത്ത ചില നിമിഷങ്ങള്‍ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടോ? അതിവിദൂര സാധ്യതപോലും ഇല്ലാതിരുന്നിട്ടും വെറുതെ ആഗ്രഹിച്ചിട്ടുണ്ടോ ? നിറം പിടിച്ച സ്വപ്നങ്ങളിലൂടെ എത്ര കാലമാണിങ്ങനെ ……ഒരിക്കലെങ്കിലും ഒന്നു വന്നില്ലല്ലോ……. ഒരു സ്ത്രീയായ താനെങ്ങനെ പോകും. അതും യഥാസ്ഥിതികരായ ഒരു സമൂഹത്തിന്റെ കെട്ടു പാടുകളില്‍ നിന്ന്.
എന്തിനാണ് കണ്ണുകള്‍ നിറയുന്നത്? വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി വരുകയാണ്. മോഹഭംഗങ്ങള്‍…….എല്ലാക്കാലത്തും ഉണ്ടായിരുന്നല്ലോ… മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന്റെ ആധാരം തന്നെയാണല്ലോ മോഹഭംഗങ്ങള്‍.
തടാകത്തിന്റെ വിശാലതയിലേക്ക് ചാഞ്ഞു നില്ക്കുന്ന അരയാലിന്റെ കമ്പിയില്‍ ഞാന്നു കിടക്കുന്ന നിറം മങ്ങിയ ചേലകളിലേയ്ക്ക് നോക്കിയിരുന്ന് തന്റെ ഓര്‍മ്മകളിലെ വേദനയില്‍ അലിഞ്ഞു ചേരുകയായിരുന്നു രാധ. കണ്ണനുണ്ടായിരുന്നപ്പോള് ഇവിടം കുളിക്കടവായിരുന്നു. അന്തഃപുര തോഴിമാരുടെ ജലക്രീഡകളില്‍ കണ്ണന്റെ കുസൃതികള്‍ നിറഞ്ഞു കിടന്നിരുന്നു. നിശ്ചലമായ ജലപ്പിന്നരികെ ഇലകള്‍ വീണുകിടന്ന പടവുകളില്‍ രാധ മാത്രം. കാല്‍ത്തളകളുടെ കിലുക്കം. ഉരല് വലിച്ച് കണ്ണന് വരുന്നുണ്ടോ? മുഖമാകെ വെണ്ണ പുരണ്ടിരിക്കുന്നു. രാധ മുഖം തുടച്ചു തരാം. കണ്ണാ….. എവിടെ……എവിടെ……..നീ ഇല്ല……….ഒക്കെ വെറുതെയാണ്. കണ്ണുകള്‍ നിറയുകയാണ്. കാലം എത്രയായി ഇങ്ങനെ….
“രാധേ…….” അമ്മയാണ്.
“ എവിടൊക്കെ തെരഞ്ഞു നിന്നെ….. പ്രായായ പെണ്ണ് തനിച്ചിരുന്നു കൂടാന്നു അറിയില്ലേ……. ഗോകുലത്തില്‍ ഇപ്പോള്‍ അന്തഃപുരങ്ങളില്ല. പ്രൌഡിയും ഇല്ലാതായി. ഓക്കെ. ദ്വാരകയിലേക്ക് മാറ്റിയില്ലേ……. കാലം എത്രയായീന്ന് നീ ഓര്ക്കാത്തതെന്താ മോളേ ഇങ്ങ്നെ വന്ന് തനിച്ചിരിക്കാന്‍ പാടുണ്ടോ? വേഗം എഴുന്നേറ്റു വര്യാ…” കലാവതിയുടെ സ്നേഹമസൃണമായ ശാസന.
രാധ അമ്മ കാണാത്തവിധം കണ്ണുകള്‍ തുടച്ചു ചാണകച്ചൂരു നിറഞ്ഞ വഴിത്താരയിലൂടെ അവര്‍ ഒന്നും, മിണ്ടാതെ നടന്നു. മേഞ്ഞു നടക്കുന്ന പശുക്കളും കിടാരികളും ശബ്ദമുഖരിതമായ അന്തരീക്ഷം. പൊടിപടലങ്ങളാല്‍ സാന്ദ്രമായ അന്തരീക്ഷം. വൈക്കൊല് നിറച്ചകാളവണ്ടികള് താളാത്മകമായി ചാഞ്ഞു ചരിഞ്ഞു. നീങ്ങുന്നു. നിരത്തില്‍ കൌപീനം ധരിച്ച കുട്ടികള്‍ ഗോലി കളിക്കുകയും ഓടുകയും കുസൃതികാട്ടുകയും ചെയ്തുകൊണ്ടിരുന്നു.
മുറ്റത്തെ അരിമാവ് കളത്തില്‍ ചവിട്ടാതെ രാധ അകത്തു കടന്നു. മുറിയുടെ കോണിലുള്ള മരപേടകം തുറന്ന് അതില്‍ നിന്നും മയില്‍പ്പീലി എടുത്തു വിടര്‍ത്തി. അവയുടെ പുതുമ നഷ്ടമായിരിക്കുന്നു, എന്നാലും അവള് മയില്പ്പീലികള് മുഖത്തോടു ചേര്‍ത്തു, കൂമ്പിയ കണ്ണുകള്‍ മാതിരി ജീവിതകാലമത്രയും തന്നെ വേദനിപ്പിക്കാനാണോ കണ്ണുകള്‍ ഈ പീലിത്തുണ്ടുകള്‍ നല്‍കിയത്? രാധ ഓര്‍ത്തു.
“മോളേ……രാധ പീലികള്‍ പേടകത്തില്‍ തിരികെ വച്ചു.
“നമ്മള് ആരാണെന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ മോഹങ്ങള്‍ എത്രത്തോളമാവാമെന്ന് ചിന്തിച്ചിടുണ്ടോ? ജീവിതത്തിന്റെ ചാക്രകതയില് ആണി ഇളകി തെറിച്ചു വീണവരാണ് നമ്മള് . നമ്മളില്‍ നിന്നു എത്തിപ്പെടാനാവാത്ത വിധം ചക്രം ഉരുണ്ടുപോയിരിക്കുന്നു. ഈ കാലിഗ്രാമത്തില് ചാണകച്ചൂരിനിടയിലെ ആര്‍ദ്രമായ ദശസന്ധികളില് – കുടുങ്ങി കാലം കഴിക്കുക മാത്രമാണ് നമുക്ക് ചെയ്യുവാനുള്ളത്. മോഹങ്ങളും സ്വപ്നങ്ങളും നല്ലതു തന്നെയാണ് കുഞ്ഞേ……. പക്ഷെ അവയത്രയും കണ്ണു നീരില്‍ കുതിര്‍ത്തെടുക്കുന്ന വിധമാകരുത്. ഒരു പക്ഷെ കണ്ണന്റെ സ്വത്വം നീ തന്നെയായിരുന്നിരിക്കാം. പക്വതയുള്ള വ്യക്തിത്ത്വത്തെ കണ്ണനില്‍ സൃഷിച്ചതും നീ തന്നെയാകാം. കണ്ണന് നിന്നെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്തിരിക്കാം. എല്ലാറ്റിനും മീതെ അയാളുടെ കര്‍മ്മപഥം മറ്റൊന്നാണെന്ന് എന്തുകൊണ്ട് നീ ചിന്തിച്ചില്ല.
അവര്‍ വളരെ ശാതമായാണ് പറഞ്ഞുകൊണ്ടിരുന്നത്. രാധ മറുപടിയൊന്നും പറഞ്ഞില്ല. കാലാവതിയുടെ ചോദ്യത്തിനുള്ള മറുപടി എന്താണെന്ന് രാധയ്ക്ക് അറിയില്ലായിരുന്നു.
പുറത്ത് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. തൂക്കുവിളക്കില്‍ എണ്ണ പകര്‍ന്ന് തിരി നാളങ്ങള്‍ അവര്‍ കത്തിച്ചു. വെളിച്ചം രാധയുടെ കണ്ണുകളെ ദീപ്തങ്ങളാക്കി. അവളുടെ കണ്ണുകള്‍ ഇപ്പോഴും സജലങ്ങളാണ്.
കണ്ണനുണ്ടായിരുന്നപ്പോള് എത്ര മനോഹരവും ആനന്ദഭരിതവുമായിരുന്നു തന്റെ ജീവിതം. ഗോപികമാരൊക്കെ അസൂയയോടെ യായിരുന്നു തന്നെ നോക്കിയിരുന്നത്. ഏറ്റവും വലിയ ഭാഗ്യവതി താനായിരുന്നുവെന്ന് അഹങ്കരിച്ചിരുന്നുവോ?.ഉവ്വ് …….അഹങ്കരിച്ചിരുന്നു. ജീവിതകാലമത്രയും ആനന്ദം മാത്രമേ – ഉണ്ടാകൂ എന്ന് അഹങ്കരിച്ചിരുന്നു. പക്ഷെ കണ്ണന് പോയി പോകുന്നുവെന്ന് പറഞ്ഞില്ല. ഒരു പക്ഷെ തിരക്കില്‍പ്പെട്ടു പോയതുകൊണ്ടാകാം. പക്ഷെ ദ്വാരകയിലേക്ക് പോയ കണ്ണന് പിന്നീട് എന്തുകൊണ്ടാണ് തന്നെ അന്വേഷിക്കാതിരുന്നത്? ഒരു പക്ഷെ, അമ്മ പറയുന്നതുപോലെ ധര്‍മ്മപുന:സ്ഥാപനാര്‍ത്ഥം കണ്ണന് മറ്റൊരാളായി മാറിയിരിക്കാം. രാധ ആശ്വസിക്കാന്‍ ശ്രമിച്ചു.
കാലികളെ പൂട്ടിയതിനു ശേഷം വൃഷഭാനു അകത്തളത്തിലേക്കു വന്നു. അയാള്‍ നന്നെ ക്ഷീണിതനായിരുന്നു, അയാള്‍ രാധയുടെ അടുത്തിരുന്നു മുടിയിഴകളില്‍ തലോടി.
“ നിനക്കെന്താണ് സംഭവിച്ചത് മകളെ …..ചിരിയില്ല……ഉരിയാട്ടമില്ല…….ഒരു ശൂന്യതയിലെന്ന പോലെ ഇരിക്കുക…….എന്തായിത്…?’
“ഞാനവളോട് പറഞ്ഞതായിരുന്നു. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് സങ്കടപ്പെടരുതെന്ന്. അതവള്‍ക്ക് മനസ്സിലാവുന്നില്ല ധര്‍മ്മത്തെ പുനഃസ്ഥാപിക്കാനായിട്ട് അവതരിച്ച ഭഗവാനെയാണ് ഇവള് ഭര്‍തൃ സ്ഥാനത്ത് ആഗ്രഹിക്കുന്നത്. അതില്‍പ്പരം അധര്‍മ്മം മറ്റെന്താണ് ഉള്ളത്?. കലാവതി ഭവ്യതയോടെ അതിലുപരി വ്യഥയോടെ പറഞ്ഞു.
“ ഏതു ധര്‍മ്മത്തെയാണ് അയാള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചത് കലാവതി ? ഇവിടെ കളിച്ചു തിമര്‍ത്തു നടന്നിരുന്ന കണ്ണനായിരുന്നില്ല അയാള്‍ ദ്വാരകയില്‍. അധികാരത്തിന്റേയും അവ നല്ക്കുന്ന ഉന്മാദാവസ്ഥയുടേയും അനുഭാവിയായി മാറുകയായിരുന്നു അയാള്‍. അന്തഃപ്പുരങ്ങളിലെ വഴിവിട്ട ഇടപെടലുകളിലൂടെ പതിനായിരത്തിലേറെ മനസ്സുകളെ ഒതുക്കി. സവര്‍ണ്ണതയുടെ പ്രചാരകനായി മാറുകയായിരുന്നു അയാള്‍ പിന്നീട്, ദ്രൌപതിയെ ചൂതുകളിക്ക് പണയം വയ്ക്കാന്‍ കൂട്ടുനിന്ന തണോ ധര്‍മ്മം. ജാതിയേതെന്നും കുലമേതെന്നും കണ്ണനോടു ചോദിപ്പിക്കുവാനും താഴ്ന്ന ജാതിയുടെ നിരാസത്തെ വേണ്ട രീതിയില്‍ തിരിച്ചറിയുവാനും പാണ്ഡവരെ പ്രാപ്തരാക്കിയതാണോ ധര്‍മ്മം………” അയാള്‍ രോഷം പൂണ്ടു.
ചെറിയ ഒരു നിശ്ശബ്ദതയില്‍ നിന്നും വീണ്ടും വൃഷഭാനുവിന്റെ ശബ്ദം ഉയര്‍ന്നു വളരെ സാവധാനം.
“മകളെ ….കാലം ഏറെ കടന്നു പോയിരിക്കുന്നു. ഇന്നോ നാളെയോ എന്നറിയാതെ ഞാനും നിന്റെ അമ്മയും നിന്നെക്കുറിച്ചുള്ള ചിന്തകളുമായി കഴിയുന്നു. മകളെ …നിന്റെ കണ് തടങ്ങളില്‍ കറുപ്പുവീണു തുടങ്ങിയിരിക്കുന്നു. കിനാവല്ല കുട്ടി ജീവിതം. നമ്മെപ്പോലുള്ളവര്ക്ക് അത് വേദനയും ദുഃഖവും ദുരിതവും നിറഞ്ഞതാണ്. ഇന്നലെകളുടെ തടവറയില്‍ നിന്നും ഇന്നിന്റെ വെളിച്ചത്തിലേക്ക് ഇറങ്ങി വന്നാലെ വര്‍ത്തമാനകാല സത്യങ്ങളെ ഉള്‍ക്കൊള്ളാനും അതനുസരിച്ച് ജീവിക്കാനും സാധിക്കൂ……. നോക്കൂ…… കുരുക്ഷേത്രയുദ്ധം
കഴിഞ്ഞിരിക്കുന്നു. ലക്ഷോപലക്ഷം കുടുംബങ്ങളെ അനാഥമാക്കുകയും തീരാവ്യാഥികളിലാക്കുകയും ചെയ്ത കുതന്ത്രങ്ങളുടെ നായകന് ആരായിരുന്നുവെന്ന് നിനക്കും അറിയാത്തതല്ലല്ലോ? ചതിയിലൂടെയല്ലാതെ കര്‍ണ്ണനേയും ദ്രോണരേയും വധിക്കുവാന്‍ സാധിക്കുമായിരുന്നോ? സ്വന്തം ഗുരുക്കളേയും ബന്ധുജനങ്ങളേയും നോക്കി താനാണോ ഇവരെയൊക്കെ വിധിക്കേണ്ടതെന്നും വിലപിച്ച അര്‍ജ്ജുനന്റെ മേല്‍ ധര്‍മ്മം ജയിക്കാന്‍ സ്വന്തമെന്നു ബന്ധമെന്നും നോക്കേണ്ടതില്ലായെന്നോതിയതും ആരാണെന്ന് നിനക്കറിയാത്തതല്ല്ല്ലല്ലോ ? ദുരിഭിമാനത്തിന്റെ ഫലമായി നഷ്ടമായ രാജ്യം തിരികെ പിടിക്കാനല്ലായിരുന്നോ യുദ്ധം? ഒരു കുലം രണ്ടു ചേരിയായി നിന്നു നടത്തിയ യുദ്ധത്തില്‍ ഏതു മഹത്തരമായ ജീവിത സന്ദേശമാണ് മകളെ ജയിച്ചത്? ദ്രൌപതിയുടെ അഴിച്ചിട്ട മുടി മാടിവയ്ക്കാന് മാത്രമേ യുദ്ധംകൊണ്ട് സാധ്യമായുള്ളു, അതിനായി ബലികഴിക്കപ്പെട്ടതോ ഭൂരിപക്ഷം വരുന്ന സാധാരണക്കരും അവരുടെ കുടുംബാംഗങ്ങളും. സവര്‍ണ്ണതയുടെ സ്വര്‍ണ്ണത്തേരില്‍ നിന്ന് കൃഷ്ണന് ആഗ്രഹിച്ചതും ഇതൊക്കെ തന്നെയായിരുന്നു മകളെ ..” വീണ്ടും ഒരു നിശ്ശബ്ദത കടന്നു വന്നുവോ?
“ മകളെ……. നിന്റെ മനസ്സിന്റെ സങ്കടങ്ങള്‍ അച്ഛന് മനസ്സിലാക്കുന്നു…..ഇനിയൊരിക്കലും സാധ്യമായ ഒന്നിനു വേണ്ടിയല്ലല്ലോ മകളെ നീ ജീവിതം പാഴാക്കുന്നത്……”
“ നന്മയുടേയും തിന്മയുടേയും ധര്‍മ്മത്തിന്റേയും അധര്‍മ്മത്തിന്റേയും വ്യാകരണങ്ങളൊന്നും എനിക്കറിയില്ലച്ഛാ……..സ്നേഹത്തിന്റെ കയത്തില്‍ വീണുപോയ ഒരു നിസ്സഹായ……..അവിടെ നിന്നും രക്ഷപ്പെടുത്താന്‍ ഇനി മറ്റാര്‍ക്കും കഴിയുകയുമില്ല. ഓര്‍മ്മകള്‍ തന്നെ എനിക്ക് സാന്ത്വനത്തില്‍ ജീവിതകാലമത്രയും ഞാന്‍ കഴിഞ്ഞോളാം. മറ്റൊന്നിനും എനിക്കാവില്ല…….” വാക്കുകള്‍ക്കവസാനം രാധ മുഖം പൊത്തി തേങ്ങി . കലാവതി തന്റെ മടിയിലേക്ക് രാധ മുഖം ചേര്‍ത്ത് മുടിയിഴകളില്‍ തഴുകി എന്ന വിളക്കിന്റെ ദീപ്തിയില്‍ അവളുടെ കണ്ണുകളിലെ തിളക്കം കവിളിലേക്ക് പടര്‍ന്നൊഴുകി.
പ്രതീക്ഷയറ്റ ഒരു പിതാവിന്റെ മനസ്സും മുഖഭാവവുമായി വൃഷഭാനു പുറത്തേക്ക് നടന്നു. പുറത്ത് നിലാവെളിച്ചം പരന്നു കിടന്നു. അവ ഭൂമിയില്‍ കറുത്ത ചിത്രങ്ങള്‍ വരഞ്ഞിട്ടിരിക്കുന്നു. ജീവിതം, കണ്ണും കാതും വായുമില്ലാത്ത കറുത്ത നിഴലായി മാറുന്നു. കാട്ടുവള്ളികള്‍ ഉണക്കി വരിഞ്ഞുണ്ടാക്കിയ കട്ടിലില്‍ അയാള്‍ ഇരുന്നു. പുല്തൊഴുത്തുകളില് കിടാങ്ങള്‍ അയവിറക്കുകയോ വിശ്രമിക്കുകയോ ചെയ്യുന്നതിന്റെ നേര്‍ത്ത ശബ്ദം ഒരിക്കലും പൂരിപ്പിക്കുവാനാത്ത ഒരു സമസ്യയാണ് ജീവിതം എന്ന് വൃഷഭാനുവിന് തോന്നി. മകള്‍ പ്രായം തികയുകയും അതു കടന്നു പോവുകയും ചെയ്തതിന്റെ ഒരു വിഷമവൃത്തം അയാളെ വല്ലാതെ അസ്വസ്ഥനാക്കി. മകള്‍ക്ക് ഊണില്ല ഉറക്കമില്ല. ഒരിക്കലും വരില്ലാത്ത ഒരാളെ മകള്‍ കാത്തിരിക്കുന്നു. എന്തുപറഞ്ഞാണ് അവള് വര്‍ത്തമാനകാലത്തിലേക്ക് വരിക? കൊട്ടാരവും കുടിലും തമ്മിലുള്ള അന്തരം തന്റെ മകളുടെ ജീവിത്തിനായി വൃഷഭാനു മറന്നു. അയാളെ ഒന്നു പോയി കണ്ടാലോ..
പക്ഷികള്‍ ചിലച്ചും കോഴികള്‍ കൂകിയും ഗോക്കള്‍ കരഞ്ഞു ഒരു പ്രഭാതം . കലാവതി ഉണര്‍ന്നു പുറത്തു വരുമ്പോള്‍ വള്ളിക്കട്ടിലില്‍ വൃഷഭാനു ഉണ്ടായിരുന്നില്ല. അവര്‍ വ്യാകുലയായി. മകളെ വിളിച്ചുണര്‍ത്തി. അച്ഛനെ കാണാനില്ല,
“ അച്ഛന് വരും അമ്മേ…. അച്ഛന് ദ്വാരകയില്‍ പോയതാണ്…. പക്ഷെ ഒന്നും സാധിക്കില്ല. ഈ സങ്കടം തീര്‍ക്കാന്‍ എനിക്കവുന്നില്ലല്ലോ…..അമ്മേ,……”
“കരയണ്ട കുട്ടീ……ഒക്കെ ശരിയാവും,………. എല്ലാ സങ്കടങ്ങള്‍ക്കും ഒരറുതിയുണ്ട് മോളേ……..”
“അതു മരണം കൊണ്ടു ആവില്ലെ അമ്മേ……..”
“മകളേ……… എന്തായിത്……….എപ്പോഴും സങ്കടപ്പെടുത്തുന്ന വര്‍ത്തമാനങ്ങളേ നീ പറയുന്നുള്ളൂ…… അച്ഛന് എത്രയധികം വിഷമിക്കുന്നുവെന്ന് നീ മനസ്സിലാക്കാത്തതെന്ത്?
ദ്വാരകയുടെ കവാടത്തില്‍, വൃഷഭാനു ക്ഷീണിതനായി നിന്നു കിതച്ചു. ദിവസങ്ങള്‍ എത്ര കടന്നു പോയി എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. പട്ടിണിയും അലച്ചിലും അയാളെ വല്ലാതെ ഉലച്ചു. മുഖം കരുവാളിച്ചിരിക്കുന്നു. നരച്ച സ്മശ്രുക്കള്‍ നീണ്ടിരിക്കുന്നു. അകത്തേക്കു കടക്കുന്നതിനുള്ള ദ്വാരപാലകന്റെ അനുവാദത്തിനായി അയാള്‍ കെഞ്ചി. വൃന്ദാവനത്തില്‍ നിന്നാണെന്നും രാധയുടെ അച്ഛനാണെന്നും ഒക്കെ അയാള്‍ ഭവ്യതയോടെ പറഞ്ഞു. ദ്വാരകയല്ലാതെ വേറൊരു സ്ഥലത്തെക്കുറിച്ചു, അറിയില്ലാത്ത മട്ടില്‍ ദ്വാരപാലകന് നിന്നു.
അയാള്‍ തളര്‍ന്നു. വിശാലമായ കവാടത്തിന്നപ്പുറത്തേക്ക് നീണ്ടുപോകുന്ന വഴിത്താരയിലേക്ക് അയാളുടെ തളര്‍ന്ന കണ്ണുകള്‍ വീണു കിടന്നു. അകലെ തലയുയര്‍ത്തി നില്ക്കുന്ന കൊട്ടാരം ഇതല്ലേ ധര്‍മ്മ സ്ഥാപനം എന്ന് ഒരു നിമിഷം വൃഷഭാനു ചിന്തിച്ചു. വിശാലമായ പടിപ്പുരയ്ക്കിപ്പുറം അവശനായി അയാള്‍ ഇരുന്നു, മകളെ പ്രതി ഒരച്ഛന്റെ വ്യാകുലതയും ഭയവും അയാളുടെ ബോധതല്ത്തില് നിന്നും ക്രമേണ മാഞ്ഞു തുടങ്ങി.
അച്ഛനെ കാണാതെ അമ്മയും മകളും കാത്തിരുന്നു. കാലം പിന്നെയും കടന്നുപോയിക്കൊണ്ടിരുന്നു. വൃന്ദാവനത്തിലെ തടാകക്കരയില്‍ നീലകടമ്പുകള്‍ പൂക്കുകയും അരയാലുകള്‍ തളിര്‍ക്കുകയും ചെയ്തു. നിഷേധിക്കപ്പെട്ട സ്നേഹത്തിന്റെ പൂക്കള്‍ വിടരുകയും കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴൊക്കെയും ഈ കല്പ്പടവുകളില് പ്രിയപ്പെട്ട രാധ…… കണ്ണുകള്‍ കുഴിഞ്ഞും മുടിനാരുകള്‍ വെളുത്തും…….
ഒറ്റപ്പെട്ട്……..മരണത്തിനു മുമ്പ് ……..വെറുതെ ഒരു നേര്‍ക്കാഴ്ചക്കായി………പിന്നെ ………ഒന്നും അറിയാതെ…………
ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeleteശ്രീ ബ്ലോഗില്‍ വന്നു കമന്റ് ഇട്ടതിനു ഒരുപാട് നന്ദി .
ReplyDeletegood
ReplyDeleteRadha krishna kaathirunnaple njaanum enta Suryana kathirikkunu
ReplyDelete